Tuesday, July 13, 2010

ഗ്രീഷ്മം





സൂര്യന്‍...

സുരത വ്രതന്‍...
അവന്റെ ആയിരം കണ്ണുകള്‍ കൊണ്ട്
ഭോഗാസക്തിയോടെ
നിന്റെ മേനിയില്‍,
അതില്‍ താരുണ്യം തീര്‍ത്ത കൊത്തു പണികളില്‍
മേഞ്ഞു നടക്കുന്നു.

നിനക്കൊളിക്കാന്‍ തണലുകള്‍ അവശേഷിക്കുന്നില്ല.
മുത്തശ്ശി മാവുകളെ അമ്മക്കിളിക്കൂടുകളില്‍ തളച്ചു കഴിഞ്ഞു.

വിളിച്ചു കരഞ്ഞാല്‍
ആട പുതപ്പിക്കാന്‍
കൃഷ്ണന്‍ ഇനി വരാനില്ല.
ആങ്ങള വംശത്തിലെ അവസാന കണ്ണി
ക്യാമറ മൊബൈലും സെക്സ് സൈറ്റും ബാധിച്ച്
അന്ത്യശ്വാസം വലിച്ചു കിടക്കുന്നു.

കഴിഞ്ഞ വര്‍ഷ കാലത്ത് പെയ്ത ചാനല്‍ മഴ
ഓടയില്‍ ഉപേക്ഷിച്ച ചീഞ്ഞ ബീജത്തില്‍ പിറന്ന
വാല്‍മാക്രികളുടെ കണ്ണില്‍ പോലും
സൂര്യന്‍ ഒളിച്ചിരിക്കുമ്പോള്‍
നിന്നെ മറച്ചു പിടിക്കാം എന്നത്
വെറും വ്യാമോഹം മാത്രം....

തണുപ്പ് കൊണ്ട് വരുന്ന തെന്നലും
മോഹിപ്പിക്കുന്ന മഴയും ഒരുപാടകലെയാണ്....
സ്വപ്നങ്ങളോളം...

നീ നിന്നെ തുറന്നു വയ്ക്കുക.....
നിനക്ക് നീയേ വില പേശുക...
കാരണം ഇത് ഗ്രീഷ്മ കാലമാണ്....
ഇവിടെ സൂര്യന്‍ അജയ്യനാണ്.....